Kerala
കൊല്ലം: നീണ്ടകര അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് മീൻപിടിത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണൻ (47) ആണ് മരിച്ചത്.
കാണാതായ രാധാകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണയെ (26) ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ രാധാകൃഷ്ണന്റെ ഭാര്യാപിതാവ് നീണ്ടകര പുത്തൻതുറ പൂമുഖത്ത് രാജീവൻ (76) വ്യാഴാഴ്ച രാവിലെ തന്നെ മരിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ ആറോടെയാണ് അപകടമുണ്ടായത്. ഗൗതം കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ശ്രീകൃഷ്ണഭഗവാൻ’ എന്ന മീൻപിടിത്ത വള്ളമാണ് ശക്തമായ തിരമാലയിൽപ്പെട്ട് മുങ്ങിയത്. പുത്തൻതുറയിൽനിന്ന് 14 പേരുമായാണ് വള്ളം കടലിലേക്ക് മീൻപിടിക്കാൻ പുറപ്പെട്ടത്. നീണ്ടകര അഴിമുഖത്ത് എത്തിയപ്പോൾ വലിയ തിരകൾ ഉയർന്നുപൊങ്ങുകയും വള്ളം മറിയുകയുമായിരുന്നു.
അപകടം കണ്ടയുടൻ തൊട്ടുമുന്നിൽ പോയ വള്ളങ്ങളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി. വള്ളത്തിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 11 പേരെ മറ്റ് വള്ളക്കാർ സുരക്ഷിതമായി കരയിലെത്തിച്ചു. വള്ളത്തിലേക്ക് കയറ്റുമ്പോൾത്തന്നെ രാജീവൻ മരിച്ചിരുന്നു. കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്.
National
ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേരെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാംദേവ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഹർകി ഗ്രാമത്തിൽ ആണ് സംഭവം.
ഞായറാഴ്ച രാത്രി വൈകിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേക്ഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
ജസ്രാജ് സുതാർ (29), ഭാര്യ നിർമ്മ സുതാർ (25), ഇവരുടെ മകൻ ഭരത് (10), മകൾ മനീഷ (5) എന്നിവരാണ് മരിച്ചത്. ഗ്രാമവാസികളുടെ സഹായത്തോടെ പോലീസ് മൃതദേഹങ്ങൾ ടാങ്കിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണവും പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദമ്പതികൾ തമ്മിൽ കുടുംബവഴക്ക് ഉണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിക്കുന്നത്. എന്നാൽ ഔദ്യോഗികമായി ഒരു തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും എല്ലാ വശങ്ങളും അന്വേഷണ പരിധിയിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Kerala
കോട്ടയം: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മീഥെയിൻ വാതക സ്ഫോടനം മൂലമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) ആണ് മരിച്ചത്. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
അനീഷ് മോഹന്റെ ഭാര്യ സംഗീതയും സഹോദരൻ സനലും ബുധനാഴ്ച തന്നെ സിക്കിമിലെത്തിയിരുന്നു. നാഷണൽ ഹൈഡ്രോ പവർ കോർപറേഷന്റെ (എൻഎച്ച്പിസി) സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്നു മരിച്ച അനീഷ്. 16 വർഷമായി എൻഎച്ച്പിസിയിൽ സേവനമനുഷ്ഠിക്കുന്ന അനീഷ് ഏഴ് മാസം മുൻപാണ് ഹരിയാനയിൽ നിന്ന് സിക്കിമിലെത്തിയത്.
Kerala
കോഴിക്കോട്: വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി നിഗം കുമാർ ആണ് മരിച്ചത്. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ, അപകടം നടന്ന സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
ഡ്രോൺ പരിശോധനയിൽ ഉരുട്ടി ഗ്യാസ് ഗോഡൗണിന് പിൻവശത്തെ പുഴയുടെ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വിലങ്ങാട് പുഴയുടെ ഭാഗമായ കുളിക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് നിഗം കുമാറും മറ്റ് രണ്ട് പേരും അപകടത്തിൽപ്പെട്ടത്.
തിരച്ചിലിന്റെ നാലാം ദിനമായ ഇന്ന് രാവിലെ തന്നെ മേഖലയിൽ അഗ്നിരക്ഷാ സേനയും പോലീസും തിരച്ചിൽ പുനരാരംഭിച്ചിരുന്നു. കെ-9 സ്ക്വാഡിലെ ട്രാക്കർ ഡോഗിനെയും ഡ്രോണുകളെയും ഉപയോഗിച്ചായിരുന്നു ശാസ്ത്രീയമായ പരിശോധനകൾ നടത്തിയത്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരൂർ: തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴരയോടെ സിവിൽ സ്റ്റേഷനിലെ പാർക്കിംഗ് ഷെഡിന് സമീപം ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. സിവിൽ സ്റ്റേഷൻ വളപ്പിൽ അധികം ആളനക്കമില്ലാത്ത മേഖലയിലാണ് മൃതദേഹം കിടന്നിരുന്നത്.
വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, ഡിവൈഎസ്പി എ.എം. സിദ്ദീഖ്, തിരൂർ എസ്ഐമാരായ എൻ.ആർ. സുജിത്ത്, ടി. നസീർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തിവരികയാണ്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പഴക്കം ഉൾപ്പെടെയുള്ള വിവരങ്ങൾ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ വ്യക്തമാകൂ. ആളൊഴിഞ്ഞ പ്രദേശമായതിനാൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് വ്യക്തമാക്കി.
Kerala
കോഴിക്കോട്: വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ഇടിക്കുന്നുമ്മൽ സ്വദേശി രഞ്ജിത്ത്(40) ആണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചലിൽ ബണ്ട് പരിസരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കാളാഴ്ച പുലർച്ചെയാണ് രഞ്ജിത്ത് വീട്ടിൽനിന്ന് ഇറങ്ങിയത്. രാവിലെ എട്ടോടെ പുഴയുടെ പരിസരത്ത് യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹം നാദാപുരം ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കാപ്പ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മിന്നല്‍ ഫൈസലിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ വ്യക്തതയില്ല. ഫോറന്‍സിക് നടപടികള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തില്‍ അസ്വഭാവികത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കും. മരണകാരണം വ്യക്തമല്ലെന്നാണ് വിവരം. കാപ്പ കേസ് പ്രതി ആയതിനാല്‍ അന്വേഷണം നടത്തുമെന്നും കൊലപാതക സാധ്യതകള്‍ തള്ളികളയാന്‍ ആവില്ലെന്നും പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: എറണാകുളം മൂവാറ്റുപുഴയാറില്‍ കാണാതായ കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. എട്ട് വയസുകാരിയായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഫയര്‍ഫോഴ്സും സ്കൂബ സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ ആറ്റുതീരം കടവ് ഭാഗത്ത് നിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ പിതാവ് നാരായണന്റെ മൃതദേഹവും നേരത്തേ ഇതേ സ്ഥലത്തുനിന്നാണ് കിട്ടിയത്.
വെള്ളിയാഴ്ച രാത്രിയാണ് അമ്മ വിജിമോളുടെയും മൂന്ന് വയസുള്ള മകളുടെയും മൃതദേഹം മുളക്കുളം ഭാഗത്തുനിന്ന് കണ്ടെത്തിയത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പിറവം പോലീസിന്റെ കണ്ടെത്തൽ.
കാഴ്ച പരിമിതിയുള്ള ആളാണ് വിജിമോള്‍.കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇവർ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും ഇറങ്ങിക്കൊടുക്കേണ്ടി വന്നിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് ഒരു വീട് സംഘടിപ്പിച്ചതായി ഇവരെ അറിയിച്ചെങ്കിലും ഇതിന് കാത്തുനിൽക്കാതെ ഇവർ ജീവനൊടുക്കുകയായിരുന്നു.
Kerala
കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൃതദേഹം കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയത്തിന് പിന്നാലെ പോലീസ് കേസെടുത്തു.
കല്ലറ തുറന്ന് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ചൊവ്വാഴ്ച ആർഡിഒയുടെ അനുമതി തേടുമെന്നും അന്വേഷണ സംഘം അറിയിച്ചു. കല്ലറയ്ക്ക് പോലീസ് കാവലും ഏർപ്പെടുത്തി. ആർഡിഒയുടെ അനുമതി ലഭിച്ചാലുടൻ കല്ലറ തുറന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിലാണ് നേരത്തെ സംസ്കരിച്ച ഒരു മൃതദേഹത്തിന് സമീപം പായയില്‍ പൊതിഞ്ഞ നിലയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തുടരുകയും പള്ളി വികാരി തന്നെ കല്ലറ തുറന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സംശയം പ്രകടിപ്പിച്ച് സിജോ സ്കറിയയുടെ കുടുംബം രംഗത്തുവന്നത്. നിലവിൽ പോലീസിന്റെ നടപടിക്രമങ്ങളിൽ ഇടവകയും പള്ളി അധികൃതരും തൃപ്തി രേഖപ്പെടുത്തി.
Kerala
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാപള്ളിയുടെ സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പെതിഞ്ഞ നിലയിൽ മൃതദേഹമെന്നു തോന്നിക്കുന്ന വസ്തു കണ്ടെത്തിയതിനെത്തുടർന്നുള്ള പോലീസ് നടപടികൾ മന്ദഗതിയിൽ.
കഴിഞ്ഞ 13നാണ് സെമിത്തേരിയിലെ 38ാം നമ്പർ കല്ലറ തുറന്നപ്പോൾ ഉള്ളിൽ പെട്ടിയും സമീപത്തായി പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹമെന്നു തോന്നിപ്പിക്കുന്ന വസ്തുവും കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത തോന്നിയ പള്ളി അധികൃതർ അന്നുതന്നെ പോലീസിൽ വിവരമറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് തുറന്ന കല്ലറ അടച്ച് സെമിത്തേരി പൂട്ടുകയായിരുന്നു.
സ്ഥലത്തില്ലായിരുന്നു ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ എത്തിയ ശേഷം പോലീസും പള്ളി കമ്മിറ്റി ഭാരവാഹികളും ചേർന്ന് മരണ രജിസ്റ്ററുകൾ പരിശോധിച്ചു. കുടുംബക്കല്ലറ ഇല്ലാത്ത പള്ളിയിൽ 38-ാം നമ്പർ കല്ലറയിൽ മുന്‍പ് സംസ്കരിച്ച കുടുംബങ്ങളിലെ ബന്ധുക്കളെ സ്ഥലത്തെത്തിച്ച് കല്ലറ ഉറപ്പുവരുത്തിയ ശേഷം ദുരൂഹത ഇല്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചെങ്കിലും അന്വേഷണം വേണമെന്നായിരുന്നു ഇടവക വികാരിയും ഇടവകക്കാരും മുന്നോട്ടു വച്ച ആവശ്യം. ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹങ്ങൾ സംസ്കരിക്കാറില്ല.
ഒരു സംസ്കാരം കഴിഞ്ഞ കല്ലറയിൽ വീണ്ടും സംസ്കാരം നടത്തേണ്ടി വരുന്പോൾ കല്ലറ വൃത്തിയാക്കി മണൽ ഉൾപ്പെടെയുള്ള വസ്തുക്കൾ നിരത്തി വെള്ളത്തുണി വിരിച്ച ശേഷമാണ് സംസ്കാരം നടത്തുക. നിലവിൽ 2006ലും 2015 ലുമാണ് 38 നമ്പർ കല്ലറയിൽ സംസ്കാരം നടന്നിരിക്കുന്നത്. 2015ൽ ജയിംസ് എന്നയാളെയായിരുന്നു സംസ്കരിച്ചത്. 2006ലെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കല്ലറയിൽ അവശേഷിക്കുന്നതിനു യാതൊരു സാധ്യതയുമില്ല. അടിമുടി ദുരൂഹത നിറഞ്ഞ സംഭവത്തിൽ കല്ലറ തുറന്ന് അന്വേഷണം നടത്തണമെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടിട്ടും സംഭവത്തിൽ പോലീസ് ഇതുവരെ എഫ്ഐആർ പോലും ഇട്ടിട്ടില്ല .
പോലീസ് നിഗമനം തള്ളി ബന്ധുക്കൾ
ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളിയുടെ 38 നമ്പർ കല്ലറയിൽ 2015 ൽ സംസ്കരിച്ച ജയിംസ് കുമ്പുക്കലിന്റെ മൃതദേഹം പായയിൽ പൊതിഞ്ഞാകാം സംസ്കരിച്ചതെന്ന പോലീസ് നിഗമനം തള്ളി ബന്ധുക്കൾ. ജയിംസിന്റെ മൃതദേഹം ക്രിസ്ത്യൻ ആചാര പ്രകാരം പെട്ടിയിലാണു സംസ്കരിച്ചതെന്നും പായയിൽ പൊതിഞ്ഞല്ലെന്നും ബന്ധുക്കൾ പറഞ്ഞു.
സഹോദരിമാരായ മേരി, മിനി, മിനിയുടെ ഭർത്താവ് തങ്കച്ചൻ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പള്ളിയിൽ എത്തി ഇടവക വികാരിയെ കണ്ടാണ് ഇക്കാര്യം വിശദീകരിച്ചത്. ഇതോടെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത വീണ്ടും വർധിക്കുകയാണ് . ജയിംസ് മൂന്നു വർഷത്തോളമായി ഭാര്യയുമായി പിണങ്ങി സഹോദരി മേരിക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. അസുഖ ബാധിതനായിരുന്ന ജയിംസ് പരിയാരം മെഡിക്കൽ കോളജിൽവച്ചാണു മരിച്ചത്. ഇവിടെനിന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം സംസ്കാരത്തിനായി പള്ളിയിൽ എത്തിച്ചത്.
മൃതസംസ്കാര നടപടികളുടെയെല്ലാം മേൽനോട്ടം വഹിച്ചത് സഹോദരി മേരിയുടെ ഭർത്താവാണ്. 38 നമ്പർ കല്ലറ തുറന്ന് അറക്കപ്പൊടിയും മണലും നിരത്തി വെള്ളത്തുണി വിരിച്ച ശേഷമാണ് സംസ്കരിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ആറടിയോളം ഉയരമുള്ള വ്യക്തിയായിരുന്നു ജയിംസ് എന്നാണ് ഇവർ പറയുന്നത്. കല്ലറയിൽ പായയിൽ പൊതിഞ്ഞു കാണുന്ന വസ്തുവിനു കൂടിയാൽ അഞ്ചടി മാത്രമേ നീളമുള്ളൂ.
മൃതദേഹം പള്ളിയിൽ എത്തിച്ചശേഷം മാത്രമാണ്, പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ സംസ്കാര ചടങ്ങിൽ എത്തിയതെന്നും ഇവർക്കു സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണു ബന്ധുക്കൾ ഇടവക വികാരിയെ ധരിപ്പിച്ചിരിക്കുന്നത്. സംഭവത്തിന്റെ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിൽ ഉന്നത പോലീസ് അധികാരികൾ നാളെ സ്ഥലത്ത് എത്തുമെന്നും വിവരമുണ്ട്.
Kerala
ഇരിട്ടി:അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ പായിൽ പൊതിഞ്ഞനിലയിൽ ‘മൃതദേഹം’ കണ്ടെത്തിയ സംഭവത്തിൽ കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി 38-ാം നമ്പർ പൊതുകല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കം ചെയ്ത രീതിയിൽ ഒരു മൃതദേഹവും പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്നു തോന്നിക്കുന്ന മറ്റൊന്നും കണ്ടെത്തിയത്.
ക്രൈസ്തവ ആചാരപ്രകാരം പായിൽ പൊതിഞ്ഞ് മൃതദേഹങ്ങൾ സംസ്കരിക്കാറില്ലാത്തതിനാൽ പള്ളി അധികൃതർ അപ്പോൾത്തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് സ്ഥലത്തെത്തി തുറന്ന കല്ലറ അടച്ച് സെമിത്തേരി പൂട്ടി. പള്ളിക്കു പിൻഭാഗത്തായി ബേസ്മെന്റിൽ ഗ്രിൽസിട്ട് സുരക്ഷിതമായാണു സെമിത്തേരി സ്ഥിതിചെയ്യുന്നത്.
സ്ഥലത്തില്ലായിരുന്ന ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ എത്തിയശേഷം ഇന്നലെ പള്ളി കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ മരണ രജിസ്റ്ററുകൾ പരിശോധിച്ചു. എന്നാൽ 38-ാം നമ്പർ കല്ലറയിൽ അടക്കം ചെയ്തവരുടെ പട്ടികയിൽ പായയിൽ പൊതിഞ്ഞ ‘മൃതദേഹം’ സംബന്ധിച്ച് സൂചനകൾ കണ്ടെത്താനായില്ല. ഈ പള്ളിയിൽ കുടുംബക്കല്ലറകളില്ല. 2019നു ശേഷം സെമിത്തേരി നവീകരിച്ചിരുന്നു. അതിനുശേഷം കല്ലറകൾക്കു പുതിയ ക്രമനമ്പറുകൾ നൽകി. അപ്പോൾ പഴയ നമ്പറുകളിൽ പലതിനും മാറ്റം സംഭവിച്ചു. പുതിയ നമ്പർ നൽകിയപ്പോൾ പഴയ നമ്പറുകൾ കല്ലറകളിൽ രേഖപ്പെടുത്തിയില്ല. ഇതോടെ ഒരേ മാതൃകയിൽ നിർമിച്ച കല്ലറകളുടെ നമ്പറിലെ ആശയക്കുഴപ്പം നിലനിൽക്കുന്നത് രജിസ്റ്റർ പ്രകാരം അടക്കം ചെയ്തവരെ കണ്ടെത്തുന്നതിനു തടസമായി.
മരണ രജിസ്റ്ററിൽ സംസ്കരിച്ചവരുടെ വിശദാംശങ്ങൾ ഉണ്ടെങ്കിലും നവീകരണത്തിനു മുന്‍പും ശേഷവുമുള്ള നമ്പറുകൾ തമ്മിലുള്ള ആശയക്കുഴപ്പം പല കുടുംബങ്ങളിലെയും ബന്ധുക്കൾക്കു കല്ലറ തിരിച്ചറിയാൻ തടസമായി. 11 വർഷമായി കല്ലറ തുറന്നിട്ട്. 2006 ലും 2015ലും കല്ലറയിൽ സംസ്കാരം നടത്തിയിട്ടുണ്ട്.
ഈ രണ്ട് കുടുംബങ്ങളെയും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഒരു കുടുംബം ഇപ്പോഴും ഇടവകയിൽത്തന്നെയുണ്ട്.സെമിത്തേരിയിൽ അടക്കം ചെയ്തിട്ടുള്ള 93 പേരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടശേഷം കൂടുതൽ നടപടികളിലേക്കു നീങ്ങാനാണ് ഇടവകസമൂഹത്തിന്റെ തീരുമാനം.
കരിക്കോട്ടക്കരി എസ്എച്ച്ഒ ആർ.എൻ. പ്രശാന്ത്, എസ്ഐ എം.ജെ. ബെന്നി എന്നിവർ ഇന്നലെ സ്ഥലത്തെത്തി. അടക്കം ചെയ്തതായി സംശയം പറഞ്ഞ ചിലരുടെ കുടുംബാംഗങ്ങളെ പോലീസ് സാന്നിധ്യത്തിൽ സെമിത്തേരിയിൽ എത്തിച്ച് പരിശോധന നടത്തിയെങ്കിലും 38-ാം നമ്പർ കല്ലറയിൽ ഇവരുടെ ബന്ധുക്കളെ അടക്കം ചെയ്തിട്ടില്ലെന്നു വ്യക്തമാക്കി.
പള്ളി അധികൃതർ മരണരജിസ്റ്റർ പരിശോധിച്ചശേഷം ലഭ്യമാകുന്ന വസ്തുതകളെ അടിസ്ഥാനമാക്കി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനമെന്ന് എസ്എച്ച് ഒ അറിയിച്ചു.
Kerala
പാലക്കാട്: നായയെ കൊന്ന് കുടിവെള്ള ടാങ്കിലിട്ടെന്ന് പരാതി. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിലാണ് സംഭവം.
20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കിലാണ് നായയുടെ ജഡം ഇട്ടത്. ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത്.
ഇതോടെ നായയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ പോലീസിൽ പരാതി നൽകി.
Kerala
ഇടുക്കി: മൂന്നാര്‍ കൊളുക്കുമലയിൽനിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രാവിനേഷ് (25) ആണ് ആണ് മരിച്ചത്.
ഫയർഫോഴ്സ് സംഘമെത്തി നടത്തിയ പരിശോധനയിലാണ് തമിഴ്നാട് കൊരങ്ങിണി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വനമേഖലയിൽനിന്ന് മൃതേദഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൊളുക്കുമല സിംഹപാറയില്‍ നിന്നാണ് ദ്രാവിനേഷ് കൊക്കയിലേക്ക് ചാടിയത്. ഇന്ന് രാവിലെ ആറോടെ പത്തംഗ സംഘത്തിനൊപ്പം ഇവിടെ എത്തിയതാണ് ഇയാൾ.
Kerala
കൊച്ചി: ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 30നും 40 നും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കറുത്ത ട്രാക്ക് സ്യൂട്ടും ടീഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരന്റെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചമ്പക്കര കനാലിന്റെ തൈക്കൂടം ഭാഗത്താണ് മൃതദേഹം ഒഴുകി നടന്നത്. പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്.
മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ആളെ തിരിച്ചറിയുന്നതിനായി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മിസിംഗ് കേസുകള്‍ പോലീസ്
പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
Kerala
കൊല്ലം: തെന്മലയിൽ വനത്തിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടി അടക്കമുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്.
വനത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് സംഭവം ആദ്യം കണ്ടത്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസും ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
സംഭവത്തിലെ അസ്വഭാവികത കണക്കിലെടുത്ത് തെന്മല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് കാണതായവരുടെ വിവരങ്ങൾ സഹിതം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: കൊടശേരിയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അഴയിൽ ചെക്കോട്ടിയുടെ(76) മൃതദേഹമാണ് വീടിനു സമീപത്തെ പാറക്കുളത്തിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് ചെക്കോട്ടിയെ കാണാതായത്. ഇദ്ദേഹത്തിന്റെ ഫോൺ, ഷർട്ട്, ചെരുപ്പ് എന്നിവ വീടിനു സമീപത്തുനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സമീപത്തെ പാറക്കുളത്തിനു സമീപം സൂചന ലഭിച്ചതിനെത്തുടർന്ന് ഇവിടെ തിങ്കളാഴ്ച ആർഒവി ക്യാമറ ഉൾപ്പെടെയുളള സന്നാഹങ്ങൾ എത്തിച്ച് പരിശോധന നടത്തിയിരുന്നു.
കൊയിലാണ്ടി സ്റ്റേഷൻ ഓഫിസർ വി.കെ. ബിജുവിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍, വെള്ളിമാടുകുന്ന് സ്കൂബ ടീമും പേരാമ്പ്ര കെ9 സ്ക്വാഡ് എസ്സിപിഒ ഒ.വി. മണി, എസ്സിപിഒ വി.കെ. വിനു എന്നിവർ, അത്തോളി പോലീസ് സ്റ്റേഷൻ എസ്ഐമാരായ പ്രശോഭ്, സി.പി.സിയാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
District News
കുന്നംകുളം: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാട്ടുകുളം ആർക്കാറ്റ് വീട്ടിൽ വിദ്യാസാഗർ (45) ആണ് മരിച്ചത്.
സഹോദരനൊപ്പം ഒരു വീട്ടിൽ താമസിക്കുന്ന ഇയാൾ രണ്ടുദിവസം മുൻപ് സ്വന്തം മുറിയിൽ കയറി വാതിൽ അടച്ചതാണത്രേ.
മുറി തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അറ്റൻഡർമാരായ ആർ.വി. സുജാത, വി.ഡി. രേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഡിഎംഓയുടേതാണ് നടപടി.
പോസ്റ്റ്മോർട്ടത്തിന് മുൻപ് ഫ്രീസറിൽ സൂക്ഷിക്കാനേൽപിച്ച കോട്ടയം മണിമല സ്വദേശിയുടെ മൃതദേഹം ആണ് ബന്ധുക്കൾക്ക് ജീർണിച്ച നിലയിൽ കിട്ടിയത്. കേടായ ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മരിച്ചയാളുടെ സഹോദരൻ ജില്ല കളക്ടർക്കും ഡിഎംഒക്കും പോലീസിലും പരാതി നൽകിയിരുന്നു.
മണിമല നെല്ലുവേലി ജോമി ജോസഫിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ബന്ധുക്കൾക്ക് കിട്ടിയത്. കഴിഞ്ഞ ദിവസം മരിച്ച ജോമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുൻപ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു
കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് ഇന്ന്പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനായി വന്ന ബന്ധുക്കൾക്ക് മുന്നിലേക്കെത്തിച്ചത് ജീർണിച്ച് വികൃതമായ ദുർഗന്ധം വമിക്കുന്ന മൃതദേഹം. ബന്ധുക്കൾ ആശുപത്രിയിൽ വലിയ പ്രതിഷേധമുയർത്തുകയും ചെയ്തു.
Kerala
ഇരിങ്ങാലക്കുട: കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ഗാന്ധിഗ്രാമില്‍ മുല്ലക്കാട് അംഗന്‍വാടിക്കു സമീപം നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടത്. ആസാദ് റോഡില്‍ കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് മാസമായി ജോസും കുടുംബവും മുല്ലക്കാട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാല് മുതല്‍ കാര്‍ ഇവിടെ കണ്ടെതായി പരിസരവാസികള്‍ പറയപ്പെടുന്നു.
കാര്‍ ഉള്ളില്‍ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കാറിന്റെ ഡോര്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
കാറിനുള്ളില്‍ നിന്നും തോക്ക് പോലീസ് കണ്ടെടുത്തു. കാറില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
National
ഹൈദരബാദ്: തെലുങ്കാനയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നായ കടിച്ചുകീറി. മഹാബൂബ്നഗര്‍ ജില്ലയിലെ ജഡ്ചര്‍ല സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികളുടെ ഭാഗമായാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. പിന്നീട് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ജീവനക്കാര്‍ എത്തിയപ്പോഴാണു മൃതദേഹം നായ കടിച്ചുകീറിയ നിലയില്‍ കണ്ടത്. നായയെ ജീവനക്കാര്‍ ഓടിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്ച്ചായതോടെയാണ് സംഭവം വിവാദമായത്.
വിഷയം പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തതോടെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന ആരോഗ്യമന്ത്രി സി. ദാമോദര്‍ രാജാ നരസിംഹ ഉത്തരവിട്ടു. ആശൂപത്രി ആര്‍എംഒ ഉള്‍പ്പടെ നാലു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
അതേസമയം, മോര്‍ച്ചറിയില്‍ ഫ്രീസര്‍ സംവിധാനം ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്ഥലത്തെത്തിയ പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണെന്നും പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. 30 കിടക്കകളുള്ള ജഡ്ചര്ലയിലെ സര്‍ക്കാര്‍ ആശുപത്രി അടുത്തിടെയാണു നവീകരിച്ചത്.
Kerala
കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേവിയും, ഫയർഫോഴ്സും, മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടത്. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാർഥികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. തിരയിൽപ്പെട്ട വിദ്യാർഥികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടുപേരെ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
Kerala
കൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും. കളമശേരി മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ നിർദേശമുണ്ട്. ഹൈദരാബാദിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം ലാമയുടേത് എന്ന് സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിൽ തന്നെ മൃതദേഹം സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
കുവൈറ്റിൽ നിന്ന് ഒക്ടോബറിൽ കൊച്ചിയിലേക്ക് ഡിപ്പോർട്ട് ചെയ്തതാണ് സൂരജ് ലാമയെ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൂരജ് ലാമ കൊച്ചിയിൽ എത്തിയത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സൂരജ് ലാമ എങ്ങോട്ട് പോയി എന്ന് ചോദ്യത്തിന് ആർക്കും ഉത്തരമിലായിരുന്നു.
ഒടുവിൽ കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിന്റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിവേണമെന്ന് മകൻ സന്റോൺ ലാമ പ്രതികരിച്ചിരുന്നു.
Kerala
നെടുമ്പാശേരി: യുകെയിൽ അന്തരിച്ച നെടുമ്പാശേരി എയർപോർട്ടിലെ കസ്റ്റംസ് സൂപ്രണ്ട് മനോജ് മാത്യുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
സംസ്കാരം തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തി. കാൻസർ ബാധിച്ച് അവിടെ ചികിത്സയിലായിരുന്ന മനോജ് മാത്യു കഴിഞ്ഞ മാസം 18നാണ് മരിച്ചത്. ഭാര്യ ബിൻസി യുകെയിൽ നഴ്സാണ്.
ഇന്നലെ രാവിലെ എട്ടരയോടെ യുകെയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച ഭൗതികദേഹത്തിൽ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർമാരായ റോയി വർഗീസ്, എം.സുരേഷ്, പോൾ പി ജോർജ്, സലിംകുമാർ കൊച്ചി കസ്റ്റംസ് ചീഫ് പിആർഒ യുസഫ് എന്നിവർ റീത്ത് വച്ചു.
കരുനാഗപ്പള്ളി തഴവ പിവി ഹൗസിൽ പരേതരായ മാത്യു - അമ്മിണി ദമ്പതികളുടെ മകനാണ് മനോജ് മാത്യു. എബിൻ, അലോന എന്നിവർ മക്കളാണ്.
Kerala
പാലക്കാട്: പട്ടാമ്പിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്.
ശനിയാഴ്ച ഉച്ച മുതൽ ഇയാളെ കാണാതായിരുന്നു. പട്ടാമ്പി വീരമണിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
District News
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലേക്ക് മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ. ഉണ്ണികൃഷ്ണൻ 64 വയസ് എന്ന് മാത്രമാണ് ആശുപത്രി രേഖകളിൽ ഉള്ളത്.
വഴിയിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കരമന സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04712343534 (കരമന സ്റ്റേഷൻ), 9497980938 (കരമന എസ്ഐ).
Kerala
കാസര്‍ഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മംഗളൂരു സ്വദേശി നൗഫലാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് സിറിഞ്ചും വാഹനത്തിന്റെ താക്കോലും കണ്ടെത്തി.
നൗഫല്‍ മംഗളൂരുവില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് കൊലക്കേസിലടക്കം ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ മംഗളൂരു കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Kerala
കോട്ടയം: അച്ഛനേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖിൽ എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഉച്ചയായിട്ടും വീടിനു പുറത്ത് ആരെയും കാണാത്തതിനാൽ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍ : 1056, 0471-2552056)